Thursday, July 22, 2010

വ്യത്യസ്തനായ ഉസ്താദ്

ഐവ!! അസ്സലാമു അലൈകും.

ജുമുഅത്ത് പള്ളിയിലെ ഖതീബാണ്‌ വരുന്നത്. അതുകൊണ്ട് തന്നെ ഒന്ന് നീട്ടി മണിച്ചാണ് ഞാന്‍ സലാം ചെല്ലിയത്. തിരിച്ചും കിട്ടി അതിനേക്കാള്‍ നീട്ടി മണിച്ചൊരു മറുപടി "..വ-അലൈകുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാതുഹു".

സംഗതി ഒരു പത്തു കൊല്ലം മുന്നത്തെ സംഭവമാണ്.
പള്ളിയിലെ ഖത്തീബ് ഒരു ചെറുപ്പക്കാരന്‍. ചെറുപ്പം വിട്ടുമാറാത്ത എന്നാല്‍ വീട്ടിലെ ചുറ്റുപാടും ആചാരങ്ങളും പിന്തുടര്‍ചയുമായി വളരെ ചെറുപ്പത്തില്‍ തന്നെ ഖത്തീബ് പണിക്ക് യോഗ്യത നേടിയിരുന്നു നമ്മുടെ ഉസ്താദ്. ഉദ്യോഗം വളരെ ഭാരിച്ചതാണേലും മനസ്സില്‍ ചെറുപ്പവും ചെറുപ്പത്തിന്‍റെ ആഗ്രഹങ്ങള്‍ എപ്പോഴും കൊണ്ട് നടന്നിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ മൂനാല് പേരുമായി പുള്ളി നല്ല കമ്പനിയായിരുന്നു. ഏകദേശം സമപ്രായക്കാര്‍. മദ്രസയിലെ ഓത്തും പള്ളിയിലെ നിസ്കാരവും എല്ലാം കഴിഞ്ഞാല്‍ പിന്നെ പുള്ളി ഞങ്ങളുടെ കൂടെയാണ്. കളികള്‍ കാണുന്നതും പറയുന്നതും തമാശകള്‍ പങ്കുവെക്കുന്നതും. അങ്ങനെ ഉസ്താദ് ഞങ്ങളുടെ കമ്പനിയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരംഗമായി മാറി.

ആഴ്ചയില്‍ വെള്ളിയാഴ്ച മാത്രമാണ് പുള്ളി കുറച്ചു ബിസി. ജുമുഅ ഉള്ളതല്ലേ.. അതിന്‍റെ തയ്യാറെടുപ്പും ഒരുക്കവുമായി ട്ടോട്ടലി ബിസി. പക്ഷെ വെള്ളിയാഴ്ചയിലെ ഈ തിരക്കിനിടയിലും ഫ്രാണ്ട്ഷിപ്പിനു വലിയ വിലയാണ് ഉസ്താദ് നല്‍കിയിരുന്നത്. സാധാരണ ജുമുഅക്ക് ഏറ്റവും അവസാനം പോയി ആദ്യം നീറ്റ് വരുന്നവരാ ഞങ്ങള്‍ എന്ന് പുള്ളിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഞങ്ങള്‍ എത്തുന്നത്‌ വരെ ഖുതുബ നീട്ടി നീട്ടി പിടിക്കാനും ഈ സുഹൃത്ത് ബന്ധം ഒരു കാരണമായി. പിന്നീട് അങ്ങോട്ട്‌ വെള്ളിയാഴ്ച പള്ളിയില്‍ എത്തിയാല്‍ ഞങ്ങള്‍ പുറത്തു നിന്ന് ഉസ്താദിനു കൈ വീശി ഒരു സിഗ്നല്‍ കൊടുക്കും ....ഞ്ഹാ ഞങ്ങള്‍ എത്തി, ഇനി നിര്‍ത്താം. ഞങ്ങള്‍ വൈകുന്നതിനനുസരിച്ച് ഖുതുബയും നീളും, അതായി അവസ്ഥ.

ഒരു ദിവസം ഞങ്ങള്‍ വല്ലാതെ വൈകിപ്പോയിരുന്നു. അന്നും ഉസ്താദ് ഖുതുബ നീട്ടിപ്പിടിച്ചു ഞങ്ങള്‍ എത്തുവോളം. ജുമുഅക്ക് ശേഷം പള്ളികമ്മിറ്റിയിലെ അംഗങ്ങള്‍ ഹാലിളകി ഉസ്താദിനു നേരെ തിരിഞ്ഞു. ജുമുഅ കഴിഞ്ഞ് ഏറ്റവും ആദ്യം എഴുന്നേറ്റു പോരുന്നതിനാല്‍ ഞങ്ങള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല! അന്നും ജുമുഅ കിട്ടിയ നിര്‍വൃതിയിലായിരുന്നു ഞങ്ങള്‍. പാവം ഉസ്താദ് നോക്കിക്കാണണം ഞങ്ങളെ തിരഞ്ഞ് ആ ആള്‍ക്കൂട്ടത്തിനിടയിലേക്ക്, തന്‍റെ ആത്മസുഹൃത്തുക്കള്‍ക്ക് വേണ്ടിയാണല്ലോ ഇതെല്ലാം എന്ന് കരുതി എല്ലാം സഹിച്ചുകാണണം.

പിറ്റേന്ന് പതിവുപോലെ ഞങ്ങളുടെ കൂടെ കൂടിയ ഉസ്താദ് ചിരിച്ചു കൊണ്ട് എന്നാല്‍ ദീനസ്വരത്തില്‍ ഇത് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ ശരിക്കും ആ സുഹൃത്ത് ബന്ധത്തിന്‍റെ ആഴം മനസ്സിലാക്കിയത് "...വെള്ളിയാഴ്ച ജുമുഅക്ക് നിങ്ങള്‍ വൈകിയാലും വേണ്ടീല ......‍വരാതിരിക്കരുത് പൊന്നു ചെങ്ങായിമാരെ, ഇതെന്‍റെ കഞ്ഞിയുടെ പ്രശ്നമാണ്"

എന്തെങ്കിലും കാരണവശാല്‍ ജുമുഅക്ക് അവിടെ കൂടാന്‍ പറ്റില്ലെങ്കില്‍ മുന്‍കൂട്ടി പറയണമെന്നും അപേക്ഷിച്ചു കൊണ്ട് എന്നത്തെപോലെ അന്നും ഉസ്താദ് പിരിഞ്ഞു ...ആ നീട്ടി മണിച്ച സലാം തന്ന് കൊണ്ട് "അസ്സലാമു അലൈകും".

7 comments:

  1. ഉസ്താദും കൊള്ളാം കൂട്ടുകാരും കൊള്ളാ‍ാം

    ReplyDelete
  2. ഓ.ടോ

    ലേബൽ : സൌഹൃതം തെറ്റ് സൌഹൃദം ആണു ശരി
    തലക്കെട്ട് : വെത്യസ്ത.. തെറ്റ് വിത്യസ്ത... ശരി

    അല്ലെങ്കിൽ പിന്നെ സൌകൃതം ,ബെത്യസ്തം ...അതും സരി.. :)

    ReplyDelete
  3. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌:
    തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിനും അഭിപ്രായങ്ങള്‍ക്കും നന്ദി. വീണ്ടും വരണേ!
    തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.

    ReplyDelete
  4. വിത്യസ്ത...wrong

    വ്യത്യസ്ത - (വ്യത്യാസപ്പെട്ട, ഭിന്നമായ) is right.

    ReplyDelete
  5. @Akbar & ബഷീര്‍ പി.ബി.വെള്ളറക്കാട്‌:
    ഐവക്കത്ത്രത്തോളം വിവരം ഇല്ലാത്തത് കൊണ്ട് ഏതാ ശരി ഏതാ തെറ്റെന്ന് ഇപ്പോള്‍ ഒരു കണ്‍ഫൂഷ്യന്‍! ...ന്നാലും വേണ്ടീല ഞാന്‍ അക്ബര്‍കയുടെ കൂടെ കൂടാണ്. എന്ന് വിചാരിച്ച് ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പിണങ്ങരുത് കേട്ടോ? താങ്കളുടെ അഭിപ്രായം ഞാന്‍ വളരെയധികം വിലമതിക്കുന്നു.
    രണ്ടു പേര്‍ക്കും വളരെ നന്ദി.

    ReplyDelete
  6. @ Akbar,

    എന്റെയും വക നന്ദി

    അപ്പോൾ അതിനൊരു തീരുമാനമായല്ലോ..ഐവ :)

    ReplyDelete
  7. ഇനിയെങ്കിലും നന്നായിക്കൂടെ ഭായ്...

    ReplyDelete