Saturday, July 24, 2010

ബൂള്‍ഷിറ്റ് ഏ?

ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ഓഫീസിലെ പല ഡിപാര്‍ട്ട്മെന്റില്‍ നിന്നും ആളുകളെ ഒഴിവാക്കി. അതുകാരണം അക്കൌണ്ട്സിലെ ചില ജോലികള്‍ കൂടി എന്‍റെ തലയിലായി. എന്നാല്‍ ഞാനൊരു കണക്കുപിള്ളയാണോ എന്ന് ചോദിച്ചാല്‍ അല്ല അന്നേ പറയാന്‍ പറ്റൂ. എല്ലാം ഒരു മായയാണല്ലോ ഈ ഗള്‍ഫില്‍. ആഗ്രഹിക്കുന്നത് കിട്ടില്ല, നിനച്ചിരിക്കാത്തത് വന്നു ചേരുകയും ചെയ്യും.

ചീഫ് അക്കൌണ്ടന്റ് ഒരു മിസിരിയാണ്. പ്രായം ഒരു 60നോട് അടുത്ത് കാണും. കാഴ്ച കുറവായതിനാല്‍ സോഡാ കുപ്പിയുടെ ഗ്ലാസ്‌ വെച്ച കണ്ണടയാ ഉപയോഗിക്കുന്നത്. അക്കങ്ങള്‍ പരസ്പരം മാറിപ്പോവരുതെന്നു പുള്ളിക്ക് വല്യ നിര്‍ബന്ധമാണ്‌. അതുകൊണ്ട് തന്നെ തന്‍റെ കണ്ണും കണ്ണടയും മിക്ക മാസങ്ങളിലും ടെസ്റ്റ്‌ ചെയ്തു ഉറപ്പു വരുത്തും. പുള്ളിയെ അസ്സിസ്റ്റ്‌ ചെയ്യാന്‍ പെറ്റികാശ് ഞാനാണ് ഹാന്‍ഡില്‍ ചെയ്തിരുന്നത്. വിശ്വാസം അതല്ലേ എല്ലാം എന്ന തത്വം ഉള്‍കൊണ്ടിട്ടാവണം ആ കമ്പനിയില്‍ കയറി അധികമാവുന്നതിന്‍റെ മുന്നെ തന്നെ പൈസപ്പെട്ടി എന്നെ ഏല്‍പ്പിച്ചത്.

ഇങ്ക്ലീഷിന്‍റെ കാര്യത്തില്‍ ഞാനും ബോസ്സും ഒരുപോലെയായിരുന്നു. ഇങ്ങോട്ടും അങ്ങോട്ടും പറഞ്ഞാല്‍ മനസ്സിലാവില്ല. അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ ടെന്‍ഷനോ പാരവെപ്പോ മറ്റു പ്രശ്നങ്ങളോ ഒന്നും ഉണ്ടായില്ല. തികച്ചും പീസ്ഫുള്‍ അറ്റ്മോസ്ഫിയര്‍.

ഒരു ദിവസം ഡേവിഡ്‌ എന്ന അയര്‍ലണ്ട്കാരന്‍ (മറ്റൊരു കമ്പനിയിലെ കണക്കുപിള്ളയാ) ആ കമ്പനിയുമായുള്ള പൈസ ഇടപാടിലെ സംശയം തീര്‍ക്കാനായി ഞങ്ങളുടെ ഓഫീസില്‍ എത്തി. അയാളെ ബോസ്സ് പതിവ് ശൈലിയില്‍ 'ആഹ്ലാന്‍ വസഹ്ലാന്‍' പറഞ്ഞു സീകരിച്ച് തന്‍റെ മുന്നിലെ കസേരയില്‍ ഇരുത്തി. ഡേവിഡ് കുശലാന്വേഷണം ആരംഭിച്ചു ഇങ്ക്ലീഷില്‍. മുക്കിയും മൂളിയും ബോസ്സ് ഒപ്പിച്ചു മറുപടി കൊടുത്ത് കൊണ്ടേയിരുന്നു. ഒപ്പം അനവസരത്തിലെ ചിരിയും എല്ലാം മനസ്സിലായെന്ന ഭാവത്തില്‍. ഇത് കേട്ട് അന്തം വിട്ട ഡേവിഡ്‌ എന്നെ നോക്കി (ഇത്ര ചിരിക്കാന്‍ മാത്രം ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന ഭാവത്തിലായിരിക്കും പുള്ളി എന്നെ നോക്കിയത്). ഡേവിഡ് നോക്കിയ പാടെ ഞാനും പാസ്സാക്കി ഒന്നാന്തരം ചിരി ഹ ഹ ഹ ഹ ഹാ.. പിന്നെ ആകെ ഒരു ചിരിമയം.

ഡേവിഡ്‌ കാര്യത്തിലേക്ക് കടന്നു. Mr‍. ........, ഐ ഹാവ് പ്രോബ്ലം വിത്ത്‌ യുവര്‍ അക്ക... എന്ന് തുടങ്ങിയത് എനിക്കോര്‍മയുണ്ട്. പിന്നെ ഒന്നും മനസ്സിലായില്ല. ബോസ്സ് കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ തന്‍റെ ലെഡ്ജര്‍ എടുത്ത് ഡേവിഡിനു നേരെ നീട്ടി. പറഞ്ഞൊപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം താനേ നോക്കി എല്ലാം മനസ്സിലാക്കാന്‍ കൊടുത്തതാ. ഡേവിഡ് ലെഡ്ജര്‍ വാങ്ങി കണ്ണോടിച്ചു. ഒന്നും മനസ്സിലാവുന്നില്ല ഒന്നും. പിന്നെ ബോസ്സിനെ നോക്കി എന്തൊക്കെയോ പറഞ്ഞു. ആ പറഞ്ഞതില്‍ നിന്ന് എനിക്ക് മനസ്സിലായത് ഇതൊക്കെയാണ്. ......യൂസിംഗ്, അറബിക്, ലാംഗ്വേജ്. ബാക്കിയൊന്നും പുള്ളിയുടെ വായില്‍ നിന്ന് പുറത്തേക്കു വരാഞ്ഞിട്ടോ മറ്റോ എനിക്ക് പിടിച്ചെടുക്കാന്‍ പറ്റിയില്ല.

ഇതെല്ലാം കേട്ട് ബോസ്സ് വീണ്ടും ചിരിച്ചുകൊണ്ടേയിരുന്നു. big mouth കൊണ്ടുള്ള ഒന്നാന്തരം ചിരി, കൂടെ ഡേവിഡിനെ നന്നായി ശീതീകരിക്കുന്നുമുണ്ട് തന്‍റെ വായില്‍ നിന്നുള്ള തുപ്പല്‍ കൊണ്ട്. സഹി കെട്ട ഡേവിഡ് വീണ്ടും എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവിടെയും ...അറബിക് യൂസിംഗ്, ലാംഗ്വേജ് എന്ന് മനസ്സിലാക്കാന്‍ പറ്റി. വീണ്ടും ബോസ്സിന്‍റെ വക സ്പ്രേയോട് കൂടിയുള്ള ചിരി!

വീണ്ടും സഹികെട്ട ഡേവിഡ് സംസാരത്തിന്‍റെ വേഗത കുറച്ച് ഇങ്ങനെ ചോദിച്ചെന്നാ എനിക്ക് മനസ്സിലായെ 'വാട്ട്‌ ബൂള്‍ഷിറ്റ് ദിസ്‌? ഐ ഡോണ്ട് നോ അറബിക് ലാംഗ്വേജ്'. ഇത്കേട്ട് ബോസ്സ് ചിരിച്ചില്ല, പകരം തന്‍റെ ഉണ്ടക്കണ്ണുകള്‍ ഒന്നുകൂടെ വിടര്‍ത്തി വിശാലമായ തൊള്ള പൊളിച്ച് ഡേവിഡിനെ ദയനീയമായി നോക്കി.

ഡേവിഡ് വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു. ആം ഐ റൈറ്റ് ദിസ്‌ ഈസ്‌ ബൂള്‍ഷിറ്റ് ലാംഗ്വേജ്? യെസ് Mr. ........, ആം ഐ റൈറ്റ് ബൂള്‍ഷിറ്റ്?

ഈ കേട്ടതില്‍ എന്തോ പന്തികേടുന്ടെന്നു മനസ്സിലാക്കിയ ബോസ്സ് തിരിച്ചു ഡേവിഡിനോട് ചോദിച്ചു വാ മുഴുവനായി പൊളിച്ച് കൊണ്ട്. "ബൂള്‍ഷിറ്റ് ഏ"?

ഡേവിഡ്‌ തിരിച്ച്: വാട്ട്‌? ബൂള്‍ഷിറ്റ് ഏ?

ബോസ്സ് തുടര്‍ന്നു: ഐവ, ബൂള്‍ഷിറ്റ് ഏ?

മറ്റെന്തോ പണിയില്‍ മുഴുകിയിരുന്ന ഞാനും പെട്ടെന്ന് 'ഐവ' എന്ന വിളികേട്ട പാടെ ഉച്ചത്തില്‍ തന്നെ ചോദിച്ചു: ബൂള്‍ഷിറ്റ് ഏ?. ബോസ്സിന്‍റെ വാ അപ്പോഴും അതേ പോലെ തുറന്നിരിക്കുകയായിരുന്നു.


"ബൂള്‍ഷിറ്റ് ഏ" എന്നത് മനസ്സിലാവാത്തവര്‍ക്കായി: 'ബൂള്‍ഷിറ്റ് എന്നാല്‍ എന്താണ്' എന്നാണ് നമ്മുടെ മിസ്‌രി (ഈജിപ്തുകാരന്‍) ഉദ്ദേശിച്ചത്

Thursday, July 22, 2010

വ്യത്യസ്തനായ ഉസ്താദ്

ഐവ!! അസ്സലാമു അലൈകും.

ജുമുഅത്ത് പള്ളിയിലെ ഖതീബാണ്‌ വരുന്നത്. അതുകൊണ്ട് തന്നെ ഒന്ന് നീട്ടി മണിച്ചാണ് ഞാന്‍ സലാം ചെല്ലിയത്. തിരിച്ചും കിട്ടി അതിനേക്കാള്‍ നീട്ടി മണിച്ചൊരു മറുപടി "..വ-അലൈകുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാതുഹു".

സംഗതി ഒരു പത്തു കൊല്ലം മുന്നത്തെ സംഭവമാണ്.
പള്ളിയിലെ ഖത്തീബ് ഒരു ചെറുപ്പക്കാരന്‍. ചെറുപ്പം വിട്ടുമാറാത്ത എന്നാല്‍ വീട്ടിലെ ചുറ്റുപാടും ആചാരങ്ങളും പിന്തുടര്‍ചയുമായി വളരെ ചെറുപ്പത്തില്‍ തന്നെ ഖത്തീബ് പണിക്ക് യോഗ്യത നേടിയിരുന്നു നമ്മുടെ ഉസ്താദ്. ഉദ്യോഗം വളരെ ഭാരിച്ചതാണേലും മനസ്സില്‍ ചെറുപ്പവും ചെറുപ്പത്തിന്‍റെ ആഗ്രഹങ്ങള്‍ എപ്പോഴും കൊണ്ട് നടന്നിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ മൂനാല് പേരുമായി പുള്ളി നല്ല കമ്പനിയായിരുന്നു. ഏകദേശം സമപ്രായക്കാര്‍. മദ്രസയിലെ ഓത്തും പള്ളിയിലെ നിസ്കാരവും എല്ലാം കഴിഞ്ഞാല്‍ പിന്നെ പുള്ളി ഞങ്ങളുടെ കൂടെയാണ്. കളികള്‍ കാണുന്നതും പറയുന്നതും തമാശകള്‍ പങ്കുവെക്കുന്നതും. അങ്ങനെ ഉസ്താദ് ഞങ്ങളുടെ കമ്പനിയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരംഗമായി മാറി.

ആഴ്ചയില്‍ വെള്ളിയാഴ്ച മാത്രമാണ് പുള്ളി കുറച്ചു ബിസി. ജുമുഅ ഉള്ളതല്ലേ.. അതിന്‍റെ തയ്യാറെടുപ്പും ഒരുക്കവുമായി ട്ടോട്ടലി ബിസി. പക്ഷെ വെള്ളിയാഴ്ചയിലെ ഈ തിരക്കിനിടയിലും ഫ്രാണ്ട്ഷിപ്പിനു വലിയ വിലയാണ് ഉസ്താദ് നല്‍കിയിരുന്നത്. സാധാരണ ജുമുഅക്ക് ഏറ്റവും അവസാനം പോയി ആദ്യം നീറ്റ് വരുന്നവരാ ഞങ്ങള്‍ എന്ന് പുള്ളിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഞങ്ങള്‍ എത്തുന്നത്‌ വരെ ഖുതുബ നീട്ടി നീട്ടി പിടിക്കാനും ഈ സുഹൃത്ത് ബന്ധം ഒരു കാരണമായി. പിന്നീട് അങ്ങോട്ട്‌ വെള്ളിയാഴ്ച പള്ളിയില്‍ എത്തിയാല്‍ ഞങ്ങള്‍ പുറത്തു നിന്ന് ഉസ്താദിനു കൈ വീശി ഒരു സിഗ്നല്‍ കൊടുക്കും ....ഞ്ഹാ ഞങ്ങള്‍ എത്തി, ഇനി നിര്‍ത്താം. ഞങ്ങള്‍ വൈകുന്നതിനനുസരിച്ച് ഖുതുബയും നീളും, അതായി അവസ്ഥ.

ഒരു ദിവസം ഞങ്ങള്‍ വല്ലാതെ വൈകിപ്പോയിരുന്നു. അന്നും ഉസ്താദ് ഖുതുബ നീട്ടിപ്പിടിച്ചു ഞങ്ങള്‍ എത്തുവോളം. ജുമുഅക്ക് ശേഷം പള്ളികമ്മിറ്റിയിലെ അംഗങ്ങള്‍ ഹാലിളകി ഉസ്താദിനു നേരെ തിരിഞ്ഞു. ജുമുഅ കഴിഞ്ഞ് ഏറ്റവും ആദ്യം എഴുന്നേറ്റു പോരുന്നതിനാല്‍ ഞങ്ങള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല! അന്നും ജുമുഅ കിട്ടിയ നിര്‍വൃതിയിലായിരുന്നു ഞങ്ങള്‍. പാവം ഉസ്താദ് നോക്കിക്കാണണം ഞങ്ങളെ തിരഞ്ഞ് ആ ആള്‍ക്കൂട്ടത്തിനിടയിലേക്ക്, തന്‍റെ ആത്മസുഹൃത്തുക്കള്‍ക്ക് വേണ്ടിയാണല്ലോ ഇതെല്ലാം എന്ന് കരുതി എല്ലാം സഹിച്ചുകാണണം.

പിറ്റേന്ന് പതിവുപോലെ ഞങ്ങളുടെ കൂടെ കൂടിയ ഉസ്താദ് ചിരിച്ചു കൊണ്ട് എന്നാല്‍ ദീനസ്വരത്തില്‍ ഇത് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ ശരിക്കും ആ സുഹൃത്ത് ബന്ധത്തിന്‍റെ ആഴം മനസ്സിലാക്കിയത് "...വെള്ളിയാഴ്ച ജുമുഅക്ക് നിങ്ങള്‍ വൈകിയാലും വേണ്ടീല ......‍വരാതിരിക്കരുത് പൊന്നു ചെങ്ങായിമാരെ, ഇതെന്‍റെ കഞ്ഞിയുടെ പ്രശ്നമാണ്"

എന്തെങ്കിലും കാരണവശാല്‍ ജുമുഅക്ക് അവിടെ കൂടാന്‍ പറ്റില്ലെങ്കില്‍ മുന്‍കൂട്ടി പറയണമെന്നും അപേക്ഷിച്ചു കൊണ്ട് എന്നത്തെപോലെ അന്നും ഉസ്താദ് പിരിഞ്ഞു ...ആ നീട്ടി മണിച്ച സലാം തന്ന് കൊണ്ട് "അസ്സലാമു അലൈകും".

Wednesday, July 21, 2010

സാര്‍ ഇവന്‍ ...........ത്തി ആണ്!!

ആരായിരിക്കും ഇവന്‍. അതായത് ഞാന്‍.

സ്കൂള്‍ UP ആണേലും പഠിക്കുന്നത് LP ക്ലാസ്സില്‍, വയസ്സ് നോക്കാണേല്‍ ഹൈ സ്കൂളില്‍ ചേര്‍ത്തേണ്ട സമയമായി. പ്രായം 12 കഴിഞ്ഞു. നടപ്പും ഇരിപ്പും കളിയും എല്ലാം 9 വയസ്സുകാരുടെ കൂടെ. അവരാണല്ലോ ക്ലാസ്മേറ്റ്സ്!

ഒരു ദിവസം കൂടെ ക്ലാസ്സില്‍ ഒപ്പമിരിക്കുന്ന കുട്ടിയുടെ കാലില്‍ അറിയാതെ ഞാനൊന്ന് ചവിട്ടിപോയി .....ഹതാ കിടക്കണ്! കുട്ടി കരച്ചിലോടു കരച്ചില്‍. ഐവ എന്‍റെ കാലില്‍ ചവിട്ടീ ചവിട്ടീ എന്നും പറഞ്ഞ്. ആകെപ്പാടെ ഒച്ചയായി ബഹളമായി സ്കൂള്‍ ഒന്നടങ്കം ഞങ്ങളുടെ ക്ലാസ്സിലേക്ക് കുതിച്ചു. എന്ത് പറ്റി? എന്ത് പറ്റി? തലങ്ങും വിലങ്ങും സാറുമാരുടെ ചോദ്യങ്ങള്‍. ആരോ കൂട്ടത്തില്‍ നിന്ന് വിളിച്ചു പറയുന്നത് കെട്ടു.. ഐവ ഇവളുടെ കാലില്‍ ചവിട്ടിയിട്ടാ ഇവള്‍ കരയുന്നേന്ന്.

ആരാണീ ഐവ? ഒരു സാര്‍ നമ്മുടെ ന്യൂസ്‌ഹവര്‍ ഗസ്റ്റ് ഹസ്സന്‍ സാറിന്‍റെ ശബ്ദത്തില്‍ ചോദിക്കുന്നത് കെട്ടു. രംഗം നിശബ്ദമായി. ഒരുത്തന്‍ എന്നെ തൊട്ടു കാണിച്ചിട്ട് പരഞ്ഞു ഇവനാണ് സാര്‍ ഐവ! വീണ്ടും മറ്റേ ശബ്ദത്തില്‍ സാര്‍ എന്നെ നോക്കി ഞ്ഹാ... ഐവ ഇവിടെ വരൂ. നേരെ ഹെഡ്മാസ്ടരുടെ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ വെച്ചായിരുന്നു കസ്റ്റടിയില്‍ എടുത്തുള്ള കൊസ്ട്യന്‍ ചെയ്യല്‍. ഹെഡ്മാസ്ടര്‍ ആക്ഞ്ഞാപിച്ചു ഞ്ഹാ... പിന്നെ വാപ്പയെ കൂട്ടി കൊണ്ട് വന്നിട്ട് ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി. ക്ലാസ് ടീച്ചര്‍ക്കും കൊടുത്തു നിര്‍ദേശം.

വീട്ടില്‍ അറിഞ്ഞു വാപ്പ അറിഞ്ഞു. വയസ്സ് കൂടുതലാണേലും ഈ മ്വാന്‍ പഠിച്ച്‌ നല്ല ഒരു നിലയില്‍ ആയി കാണാനുള്ള ആവശ്യത്തില്‍ കൂടുതല്‍ ആഗ്രഹിക്കുന്ന വാപ്പയുടെ bp ഇത് കേട്ടപ്പോള്‍ ഒന്ന് കൂടെ കയറി. bp അളക്കുന്ന മീറ്ററിനു ഇനിയും അക്കങ്ങള്‍ മുകളിലേക്ക് ഉണ്ടെങ്കില്‍ അതും എത്തിപ്പിടിക്കാനുള്ള ആവേശത്തിലാണ് bp അതിന്‍റെ അറ്റത്ത്‌ പോയി നിന്നത്. രണ്ടു ദിവസം മുന്നെ വീട്ടില്‍ ഞാന്‍ കാണിച്ച ചില കുസ്രിതികളുടെ പേരിലുള്ള ദേഷ്യവും പകയും എല്ലാം ഇപ്പോഴും ബാപ്പയുടെ മനസ്സില്‍ ഉണ്ടെന്നു ആ മുഖം വിളിച്ചു പറയുന്നുണ്ട്. ഇതും കൂടി ആയപ്പോള്‍ മൂപ്പരെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി.

പിറ്റേന്ന്, എന്നെ ഇരുത്തി ഒന്ന് നോക്കിയിട്ട് ബാപ്പ മുന്നെ നടന്നു. സ്കൂളിലേക്ക് ആയിരിക്കുമെന്ന് പ്രത്യേഗിച്ച് പറയേണ്ടല്ലോ? പിറകിലേക്ക് നോക്കി ആക്രോശിച്ചു ....വാടാ കുരുത്തം കേട്ടവനെ.

സ്കൂളില്‍ എത്തി. ഹെഡ്മാഷ് ഹാജര്‍!. നടന്ന സംഗതി വള്ളിപുള്ളി തെറ്റാതെ മാഷ്‌ അവതരിപ്പിച്ചു. എല്ലാം കെട്ടു കഴിയുന്നതിനു മുമ്പ് ......ട്ടേം!!! കണ്ണില്‍ നിന്ന് പൊന്നീച്ച പായുന്നതാ പിന്നെ ഞാന്‍ കണ്ടത്. ബാപ്പ ആങ്ങിഓങ്ങി ഒന്ന് എന്‍റെ പിടലിക്കിട്ടു തന്നതാ. ബാപ്പമാര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം. ബെസ്റ്റ് ബാപ്പ!.

ഉടനെ ഹെഡ്മാഷ്‌ ഇടപെട്ടു. രംഗം ശാന്തമായി. ഒളികണ്ണിട്ടു ബാപ്പയുടെ മുഖത്ത് നോക്കിയപ്പോള്‍ ആ ദേഷ്യം അവിടെ തന്നെ തളംകെട്ടി നില്‍ക്കുന്നുണ്ട്. വീട്ടിലെത്തിയാല്‍ ബാക്കി പലിശ സഹിതം കിട്ടുമെന്നുറപ്പ്.

ഈ ദേഷ്യമാകെ മനസ്സിലുള്ളത് കൊണ്ടോ അതോ ഇനി ഞാന്‍ ഇങ്ങിനെയെങ്കിലും നന്നാവട്ടെ എന്ന് കരിതോയോ എന്നനിക്കറിയില്ല ബാപ്പ ആ സത്യം ഹെഡ്മാഷോട് പരഞ്ഞു. സാര്‍ ഇവന്‍.. സാര്‍ ഇവന്‍ 'പായി പാത്തിയാ'! കാരണം ഞാന്‍ എന്നും രാത്രിയില്‍ കിടക്കുന്ന പായയില്‍ അറിയാതെ പാത്തുമായിരുന്നു. എന്നും രാവിലെ ഉമ്മാക്ക് ഉള്ള പണിയാ ഞാന്‍ കിടന്ന പായും പുതപ്പും കഴുകല്‍.

പക്ഷെ ആ മാഷ് അതൊരിക്കലും ആ സ്കൂളില്‍ ഫ്ലാഷാക്കിയില്ല!. ഒരിക്കല്‍ ഇത് പറയാനുള്ള വക്കില്‍ സാര്‍ എത്തിയതായിരുന്നു. എന്നെ നോക്കി സാര്‍ ചോദിച്ചു ...ഐവ ഞാനാ കാര്യം ഇവരോട് പറയട്ടെ? അത് കേട്ട ഞാന്‍ ആകെ ഉടുത്തതില്‍ തൂറിയ അവസ്ഥയില്‍ ആയി പോയി. എന്‍റെ ദയനീയ അവസ്ഥ മനസ്സിലായത് കൊണ്ടായിരിക്കും സാറത് അന്നവിടെ പറയാതിരുന്നത്.

ആ സാര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അന്നും ഇന്നും ഇതിനുള്ള നന്ദിയോടെയല്ലാതെ ആ സാറിനെ എനിക്കോര്‍ക്കാന്‍ കഴിയില്ല ..thank you sir, thank you very much.

Tuesday, July 20, 2010

ഒരു വല്ലാത്ത സുബാഹല്‍ ഖൈര്‍!!

സുബാഹല്‍ ഖൈര്‍!! (ഗുഡ് മോര്‍ണിംഗ്ന്ന്)
എന്നും കാലത്ത് കക്കൂസില്‍ പോവുന്ന സമയത്ത് തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന മിസ്‌രി (ഈജിപ്തുകാരനാ) എന്നെ വിഷ് ചെയ്യാറുണ്ട്. ഉറക്കച്ഛടവോടെയാണേലും ഞാന്‍ തിരിച്ചും വിഷും: ങാഹാ... സുബാഹല്‍ ഖൈര്‍!

പുള്ളി കാലത്ത് സുബഹി നമസ്കാരം കഴിയേണ്ട താമസം കുപ്പായവും പാന്റുമിട്ട് റെഡിയാവും. ഞാന്‍ കക്കൂസില്‍ ഇരുന്ന് ആലോചിക്കും ഇവമ്മാര്‍കൊന്നും ഉറങ്ങാന്‍ തീരെ ഇഷടമില്ലേ, അതോ ഉറക്കം കിട്ടാഞ്ഞിട്ടോ? ഈ സമയത്തല്ലെ ഉറങ്ങാന്‍ നല്ല രസം. മനുഷ്യനെ എഴുന്നേല്‍ക്കാന്‍ സമ്മതിക്കാത്ത വിധം ഉറക്കം നമ്മെ കീഴ്പെടുത്തും.

കക്കൂസില്‍ ആരോ ഉണ്ട്. ഏതോ പഹയന്‍ ഷെഡ്യൂള്‍ തെറ്റിച്ച് കയറിയിരിക്കുന്നു. അഞ്ചു പേര്‍ക്ക് ഒരു കക്കൂസ് (wc വിത്ത്‌ കുളിമുറി). ബ്രഷും പേസ്റ്റും പുറത്തായതിനാല്‍ സമയം ലാഭിക്കാനായി വൈറ്റിംഗ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ ഞാന്‍ പല്ല് തേപ്പ് തുടങ്ങി.

ഇതെല്ലാം നോക്കിക്കൊണ്ട് നിന്നിരുന്ന ആ മിസ്‌രി ചോദിക്കുവാ..: എഷ് ഹാദ! അന്‍ത്ത ഏമല്‍ ഏ? ആവുസ് ഏ? (what is dis... what r u doing... what u want?).
ഐവ! അന ഗസല്‍ അസ്നാന്‍. ഹദാ ലാസിം സവി കുല്ലു യൗം. ഇദാ മാഫി സവി ഖര്‍ബാന്‍ (Yes! am brushing, this is must everyday; if not our teeth will get damage) എന്ന് ഞാന്‍ മറുപടി പറഞ്ഞു.

ഈ സംഗതി തന്‍റെ ജീവിതത്തില്‍ ചെയ്തിട്ടില്ലെന്ന് അഹങ്കാരത്തോട്‌ കൂടി പറഞ്ഞ മിസ്‌രി കക്കൂസില്‍ തനിക്ക് ദിനചര്യകള്‍ക്കായി രണ്ടു മിനിട്ട് പോലും തികച്ചു വേണ്ടെന്നു പറഞ്ഞപ്പോള്‍ അറ്റ്‌ ലീസ്റ്റ് അവനെ പല്ല് തെപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് എനിക്കൊരു വാശി. ഏതായാലും നല്ല കാര്യാമല്ലേ! പടച്ചോന്‍ഭാഗത്ത്‌ നിന്ന് കൂലിയും കിട്ടും.
പല്ല് തേപ്പിന്‍റെ രീതിയും അതിന്‍റെ ഗുണങ്ങളും എല്ലാം കേട്ടപ്പോള്‍ പുള്ളിക്ക് ചെറിയ മനം മാറ്റം. ആ മനം പൂര്‍ണമായി മാറുന്നതിനു മുന്നെ തന്നെ കക്കൂസില്‍ സമയം തെറ്റി കയറിയ പഹയന്‍ പുറത്തിറങ്ങി. മിസ്‌രിയോട് ബാകി ബാദൈന്‍ (ബാകി പിന്നെ) എന്ന് പറഞു ഞാന്‍ കക്കൂസിലേക്ക് കയറി.

ജോലിക്ക് പോവുന്ന വഴിക്ക് എല്ലാം വിശദമായി തന്നെ മിസ്‌രിക്ക് പറഞ്ഞു കൊടുത്തു. പിറ്റേന്ന് തന്നെ അവന്‍ പല്ല് തേപ്പ് തുടങ്ങുമെന്ന ഉറപ്പും എനിക്ക് കിട്ടി. എനിക്ക് ഒന്നേ അവനോട് പറയാന്‍ ഉണ്ടായിരുന്നുള്ളൂ ..ഐവ! ഇന്‍ത്ത കുവൈസ്, ഹാദാ ലാസിം.

കാലത്തെ 'സുബാഹല്‍ ഖൈര്‍' വിഷുകള്‍ ചെയ്ത് ദിവസങ്ങളും ആഴ്ചകളും അങ്ങനെ കടന്ന് പോയി. ഒരു ദിവസം തന്‍റെ ഷെഡ്യൂള്‍ തെറ്റിച്ചു നമ്മുടെ മിസ്‌രി കക്കൂസിന് മുമ്പില്‍ പല്ല് ബ്രഷ് ചെയ്ത് നില്‍ക്കുന്നു. കക്കൂസില്‍ ആരോ ഉണ്ടെന്നു മനസ്സിലായി. പതിവുപോലെ അന്നും 'സുബാഹല്‍ ഖൈര്‍' വാങ്ങുകയും കൊടുക്കുകയും ചെയ്തു.

ഞാന്‍ നേരെ ബ്രഷ് എടുക്കാനായി ചെന്നപ്പോള്‍ അവിടെ ബ്രഷ് കാണുന്നില്ല. തിരിച്ചും മറിച്ചും നോക്കി. ഇനി വേറെ എവിടെയെങ്കിലും മാറി വെച്ച് പോയോ? ഇല്ല ഇവിടെ തന്നെയാണ് എന്നും വെക്കുന്നത്. ഇവിടെ തന്നെയാണ് ഇന്നലയും വെച്ചത്.

എന്‍റെ വെപ്രാളം കണ്ട് മിസ്‌രി ചോദിച്ചു ...ഐവ സദീക്! എഷ് ഫീ ..അന്‍ത്ത ദവര്‍ ഏ? (Yes friend, what happened ...what r u searching?).

ഞാന്‍ പറഞ്ഞു: അന ദവര്‍ ബ്രൂഷ് ഹെഗ്ഗി, മഫ്രൂദ് കും മവ്ജൂദ് ഹിന! (am searching my brush, should be here).

ഇത് കേട്ട പാടെ മിസ്‌രി താന്‍ ബ്രഷ് ചെയ്തു കൊണ്ടിരിക്കുന്ന ബ്രഷ് ഉയര്‍ത്തിക്കാട്ടി പറഞ്ഞു .....ലാത് ഖോഫ്! ...എന്തി മൌഗൂദ് ബ്രൂഷ് ഹെഗ്ഗക്. ഹാദാ ഹുവ!
(don't worry …ur brush is with me. that's this).

ഡീം!!! ഇടി വെട്ടിയ പോലെയാണ് ഞാനത് കേട്ടതും കണ്ടതും.
ദേഹമാസകലം ഒരു മനം പുരട്ടല്‍.. ഓക്കാനം.. ഇരച്ചു തേട്ടം.. തല കറക്കം.. എല്ലാം കൂടെ ഒത്തിണങ്ങിയ ഒരു വല്ലാത്ത പരുവത്തിലായി ഞാന്‍.

പല്ല് തെപ്പിന്‍റെ എല്ലാ സാങ്കേതിക വശങ്ങളും പറഞ്ഞു കൊടുത്ത ഞാന്‍ ഒരു ബ്രഷ് സ്വന്തമായി വാങ്ങി വെക്കണമെന്ന് മിസ്‌രിയോട് പറയാന്‍ മറന്നു പോയിരുന്നു. പല്ല് തേപ്പു പഠിപ്പിച്ചത് മുതല്‍ ഞാനും മിസ്‌രിയും ഒരു ബ്രഷ് കൊണ്ടായിരുന്നല്ലോ ഇതുവരെ കഴിച്ചു കൂട്ടിയത് എന്നാലോചിക്കുമ്പോള്‍.....!?

ഒരു നിമിഷം പല്ല് തേക്കാന്‍ പഠിപ്പിച്ചത് മുതല്‍ എന്നും കിട്ടിയിരുന്നത് എന്‍റെ മനസ്സില്‍ ഒരു വല്ലാത്ത ഉച്ചത്തില്‍ അലയൊലി കൊണ്ടു ....."സുബാഹല്‍ ഖൈര്‍"!!

Monday, July 19, 2010

ദൈവനാമത്തില്‍

ഐവത്തരമാണേലും തുടക്കം ധ്യാനത്തോട് കൂടി തന്നെയാവണമല്ലോ? അതല്ലേ അതിന്‍റെ ഒരു രീതി. കക്കാന്‍ പോവുന്നവനും കൊല നടത്തുന്നവനും തന്‍റെ കര്‍മ്മം നല്ല രീതിയില്‍ പര്യവസാനിക്കാന്‍ നടത്താത്ത വഴിപാടുകളും നേര്‍ച്ചകളും ഉണ്ടാകില്ല. So ഈ ഐവയും അങ്ങിനെ തന്നെയാ (no difference).

യാതൊരു ഐവും മാനും ഇല്ലാതെ എന്‍റെ ഐവകര്‍മ്മങ്ങള്‍ ഞാനിതാ പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്‍റെ നാമത്തില്‍ തുടങ്ങുന്നു, ....അനുഗ്രഹിച്ചാലും ആശിര്‍വതിച്ചാലും!!