Sunday, August 8, 2010

ബ്ലോഗ്‌, അതല്ലേ എല്ലാം!

ബോസ്സ് കണിശക്കാരന്‍ മാത്രമല്ല.... അറ്റ കൈക്ക് ഉപ്പു തേക്കാത്ത പരമ തെണ്ടി കൂടിയാണ്. സ്വന്തം കാര്യത്തിനോ അവന്‍റെ പെണ്ണുംപിള്ളയുടെ ആവശ്യത്തിനോ ഒന്നുമല്ല ഈ നാറിയ പിശുക്കത്തരം? ഓഫീസില്‍ അവന്‍റെ മുന്നില്‍ ഓക്കാനിച്ചു നിന്ന് ബോസ്സ് പറയുന്നതാ ശരി അത് മാത്രമേ ശരിയാകൂ എന്ന് മനസ്സിലുറപ്പിച്ച് നാവുകൊണ്ട് വെളിവാക്കി എല്ലാം പണിയും പട്ടിയെ പോലെ എടുത്ത് കൊല്ലാവസാനം ശമ്പളം വര്‍ധിപ്പിക്കാന്‍ സമര്‍പ്പിക്കുന്ന അപേക്ഷ കാണുമ്പോഴാ അവന്‍റെ ഒടുക്കത്തെ പിശുക്കത്തരം കാണിക്കല്‍. "അയ്യോ...കമ്പനി പൂട്ടും...കമ്പനി പൂട്ടും... പുതിയ വര്‍ക്ക് ഒന്നുമില്ല.. ഇപ്പോള്‍ ശമ്പളം കൂട്ടുന്നത്‌ കമ്പനിയുടെ പോളിസിക്ക് വിരുദ്ധമാണ്" എന്നെല്ലാം പറഞ്ഞു പ്രാരാബ്ദത്തിന്‍റെ കെട്ടഴിക്കും. ഇനി അടുത്ത കൊല്ലം വരെ ശമ്പളം കൂട്ടി ചോദിക്കാന്‍ വകുപ്പില്ല എന്ന സത്യം മനസ്സിലായ ഞാന്‍ ചിന്താവിഷ്ടനായി വിഷണ്ണനായി പിന്നെയും ഓക്കാനിച്ചു (അലിവു തോന്നി ഇനി മനസ്സ് മാറിയാലോ?) തന്നെ നിന്നു.

എവിടന്ന്..!! ബോസ്സിന്‍റെ മനസ്സുണ്ടോ മാറുന്നു, മാറിയ ചരിത്രമുണ്ടോ ഈ ബൂലോകത്ത്?. കഴിഞ്ഞ മാസാമാ അവന്‍ കമ്പനിയില്‍ നിന്ന് പുതിയ വണ്ടി തരപ്പെടുത്തിയത്. അതിന്‍റെ മുന്നത്തെ മാസം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുതിയ വില്ലയിലേക്ക് മാറി. ഇതിനൊക്കെ കമ്പനിയുടെ പക്കല്‍ കാശുണ്ട് പോളിസിയും ഉണ്ട്. ബോസ്സിന്‍റെ മുറിയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ മനസ്സില്‍ അവന്‍റെ ആ വണ്ടിയും വില്ലയും മാറിമാറി ക്ലോസപ്പില്‍ തെളിഞ്ഞു വന്നു. 'സാര്‍' എന്ന് വിളിച്ച നാവു കൊണ്ട് 'ശര്‍മൂത്ത' എന്ന് അവന്‍ എന്നെക്കൊണ്ട് മനസ്സില്‍ വിളിപ്പിച്ചു. അരിശം തീര്‍ക്കാനായി മനസ്സില്‍ ഒന്നല്ല ഒരു മൂന്നു വട്ടം വെളിവാക്കിത്തന്നെ വിളിച്ചു 'ശര്‍മൂത്ത... ശര്‍മൂത്ത....ശര്‍മൂത്ത'!!

പിന്നെ വിഷമം മാറ്റാനായി നെറ്റില്‍ കയറി അറിയാവുന്ന ബ്ലോഗൊക്കെ തുറന്നു വായിച്ചു. മനസ്സൊന്നു തണുത്തു, ഒപ്പം ഒന്നും സ്വന്തമായി ഇല്ലാത്ത അഞ്ചു വര്‍ഷമായി ശമ്പളം പോലും കൂട്ടിക്കിട്ടാത്ത എനിക്ക് ഒരു ബ്ലോഗെങ്കിലും തുടങ്ങണമെന്ന വെരി മിനിമം റീസണബിള്‍ ആയ ആഗ്രഹവും മുളച്ചു. അങ്ങിനെ ഉള്ള വിദ്യ വെച്ച് ഒന്ന് തുടങ്ങി... 'ഐവത്തരങ്ങള്‍' (പേര് അതിലും വേണ്ടേ ഒരു പൊരുത്തം) പിറവിയെടുത്തു. മിനുക്ക്‌ പണികള്‍ ആരംഭിച്ചു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പെട്ടെന്നാണ് ആ വിളി കേട്ടത്: "യാ.... ഐവ!!"
"യെസ് സാര്‍" എന്ന് വിളി കേട്ട് ഞാന്‍ താണ് കൂണ് നിന്നു.
"ഐ ഹാവ് മീറ്റിംഗ്... രിമൈണ്ട് മി എബൌട്ട്‌ ........ (സൊ & സൊ)"
"ok സാര്‍‍.... ഐ വില്‍"
"now യു ടു ദീസ് തിംഗ്സ്.. ദീസ് ആര്‍ ഫോര്‍ മൈ മീറ്റിംഗ്" എന്നും പറഞ്ഞ് ഒത്തിരി പണികള്‍ തന്നു.
തിരിച്ച് പോവുമ്പോള്‍ "ദീസ് ആര്‍ വെരി ഇമ്പോര്‍ട്ടണ്ട് ഫോര്‍ മൈ മീറ്റിംഗ്... ഫിനിഷ് ഇറ്റ്‌ now" എന്നും ഓര്‍മ്മിപ്പിച്ചു.
"ok സാര്‍"
(ബോസ്സ് തിരിച്ചു പോവുമ്പോള്‍ പിന്നില്‍ നിന്ന് മീറ്റിംഗ് കൂറ്റിംഗ് ഇമ്പോര്‍ട്ടണ്ട് കുമ്പോര്‍ട്ടണ്ട് എന്ന് മനസ്സില്‍ പറഞ്ഞ് ആദ്യമേ പുറത്തേക്കു ഉന്തിയ പല്ല് ഒന്ന് കൂടെ ചുണ്ടെല്ലാം പിറകോട്ടു വലിച്ചു പിടിച്ച് പല്ലുകള്‍ മുഴുവനായി കാണിച്ച് കൊഞ്ഞനം കാട്ടാന്‍ ഞാന്‍ മറന്നില്ല).

ഞാന്‍ വീണ്ടും ബ്ലോഗ്‌ നിര്‍മ്മാണം തുടര്‍ന്നു. ഓരോരോ കണ്ടുപിടുത്തങ്ങള്‍, കോപ്പിയടികള്‍ എല്ലാമായി ഏകദേശം ഒരു സെറ്റ്അപ്പ്‌ ആയി. ഇനി പോസ്റ്റുകള്‍ ചെയ്തു തുടങ്ങണം. അതിനായി ഞാന്‍ വീണ്ടും കറങ്ങി നെറ്റിലൂടെ.. പോസ്റ്റു എഴുതാനുള്ള വിവരം വെക്കാനായി ഗൂഗിളില്‍ പോയി പലവട്ടം ഞാന്‍ സേര്‍ച്ച്‌ ചെയ്തു. ഒരു തുമ്പും കിട്ടിയില്ല. പോസ്റ്റാനായി തലയില്‍ ഉണ്ടായിരുന്ന ഉണ്ടകള്‍ ആദ്യത്തെ ഒന്ന് രണ്ടു പോസ്റ്റോടു കൂടി തീര്‍ന്നു. ഇനി ഒരു വെടിക്ക് മരുന്നില്ല. മറ്റൊരു പോസ്റ്റിനുള്ള മരുന്നിനായി ഞാന്‍ ആലോചന തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടയില്‍ ബോസ്സിനെ മറന്നു ബോസ്സിന്‍റെ പണികളും മറന്നു.

ആലോചിച്ച് ആലോചിച്ച് തല പുണ്ണായി. പൈസ കൊടുത്താലും ഗൂഗിളില്‍ തിരഞ്ഞാലും കിട്ടുന്ന ഒന്നല്ല എഴുതാനുള്ള കഴിവെന്ന കോപ്പെന്നു എനിക്ക് അപ്പോള്‍ മനസ്സിലായി. അതുള്ളവനേ ഈ പണിക്കു നിക്കാവൂ. ഇനിയിപ്പോ എന്താ ചെയ്യുക? ഇന്നത്തെ കാലത്ത് ഒരു ബ്ലോഗിന്‍റെ ഉടമയല്ല എന്ന് പറഞ്ഞാല്‍ കുറച്ചിലല്ലേ. പെണ്ണ് കാണല്‍ ചടങ്ങിന്‍റെ അന്ന് ചെറുക്കനോട് എത്ര ബ്ലോഗ്‌ ഉണ്ട്, ഏതെല്ലാം കാറ്റഗറി ബ്ലോഗാണ് എഴുതുന്നത് എന്ന് ചോദിക്കുന്ന കാലമാണ്!! (കല്യാണം നേരത്തെ കഴിഞ്ഞത് എന്‍റെ ഭാഗ്യം, അല്ലെങ്കില്‍ കട്ടപ്പൊകയായേനെ).

"ഐവ..! ഡിഡ് യു ഫിനിഷ്" പെട്ടെന്നാണ് ആ ചോദ്യം കേട്ടത്.
"നോ സാര്‍... ഐ അം സ്റ്റില്‍ തിങ്കിംഗ് & സെര്‍ച്ചിംഗ് ഓണ്‍ ഗൂഗിള്‍ ഫോര്‍ ന്യൂ ത്രെഡ് ഫോര്‍ മൈ ന്യൂ പോസ്റ്റ്‌"
"വാട്ട്‌..ത്രെഡ്?... വാട്ട്‌ ദി ഹെല്‍ യു ടാല്‍കിംഗ് എബൌട്ട്‌"
"ദിസ്‌ ഈസ്‌ ബ്ലോഗ്‌ സാര്‍... നോ സാര്‍... യെസ് സാര്‍... നതിംഗ് സാര്‍.., ഐ വില്‍ ഫിനിഷ് ഇറ്റ്‌ now"
"ഡിഡ് യു ഫിനിഷ് മൈ വര്‍ക്ക്‌ ഓര്‍ നോട്ട്"
"ഐ വില്‍ ഫിനിഷ് now"
ബോസ്സ് പിന്നെയും അലറി: "ഹാവ് യു ഫിനിഷ്ഡ്‌ മൈ വര്‍ക്ക്‌ ഓര്‍ നോട്ട്"
"നോ സാര്‍... ഐ വില്‍ ഫിനിഷ് തെം now"

ഇതുവരെ ഞാന്‍ ആ പണികള്‍ തുടങ്ങിയിട്ടില്ല എന്ന് മനസ്സിലാക്കിയ ബോസ്സ് നിന്ന നില്‍പില്‍ നിലത്തു രണ്ടു ചവിട്ടു ചവിട്ടി ആക്രോശിച്ചു "യു ഡോണ്‍ണ്ട് ഹാവ് ടു ഡു ഇറ്റ്‌ എനിമോര്‍... യു കില്‍ഡ് മൈ മീറ്റിംഗ്.... യു ഡിസ്ട്രോയ്ട് മി.... & ***ക്ക് യുവര്‍സെല്‍ഫ്" പിന്നെ തുറന്നു കിടന്ന വാതില്‍ ശക്തിയായി കൊട്ടിയടച്ച് തിരിച്ചു പോയി.

ജോലി പോയി എല്ലാം പോയി... എല്ലാ സ്വപ്നങ്ങളും വെള്ളത്തിലാവാന്‍ പോവുകയാണെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു... ആകെ ബേജാറിലായി. ബോസ്സ് തന്നിട്ട് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത ആ പ്രധാനപ്പെട്ട വര്‍ക്കുകളിലൂടെ ഈ ബേജാറിനിടയില്‍ ഞാന്‍ വെറുതെ ഒന്ന് കണ്ണോടിച്ചു.....:
Point 1): ..........
Point 2): ..........
Point 3): ..........
Point 4): ..........
Point 5): ..........
Point 6): I strongly recommend increasing the salary of Mr. Aiwa by $……… effective this month.

ഇത് സത്യമാണോ...... ഞാന്‍ ഒന്ന് കൂടെ വായിച്ചു. !!!!!!!!!!!?????????????????.

തൃപ്തിയായില്ലേ....... ബ്ലോഗ്‌ ക്ലൂഗ് അതല്ലേ എല്ലാം എന്ന് വിചാരിച്ച് ഓഫീസ് സമയത്ത് കുത്തിയിരുന്നു പണിതതിനു കിട്ടിയ പണി. ഒഫീസിന്‍റെ കോറിഡോറില്‍ നിന്ന്‌ ടക്...ടക്....ടക് എന്ന ശബ്ദം കേട്ട് തുടങ്ങി, ബോസ്സ് മീറ്റിങ്ങിനായി പോവുകയാണ്. ആ പോവുന്ന പോക്കില്‍ എന്നെ ഒന്ന് തുറിച്ചു നോക്കാനും ബോസ്സ് മറന്നില്ല. ഓള്‍റെടി ബേജാറിലായിരിക്കുന്ന ഞാന്‍ ആ നോട്ടത്തോടെ ഉരുകി ഇല്ലാതായി.

അന്നത്തെ ദിവസം കഴിയാറായി. കമ്പ്യൂട്ടറില്‍ തുറന്നു വെച്ച പ്രോഗ്രാമുകള്‍ ഓരോന്നോരോന്നായി ക്ലോസ് ചെയ്തു. അവസാനമായി ക്ലോസ് ചെയ്യാനുള്ളത് "ഐവത്തരങ്ങള്‍", ഒന്ന് നിര്‍ത്തി. എന്തോ ഒന്ന് മനസ്സില്‍ കത്തി...പിന്നീട് ഒരു ചെറു പുഞ്ചിരിയോടെ ഞാനതും ക്ലോസ് ചെയ്തു.

ജോലിയും കൂലിയും പോയാലെന്താ... പുതിയ പോസ്റ്റിനുള്ള ത്രെഡിനായി ഗൂഗിളില്‍ ബൂലോകം മുഴുവന്‍ ചുറ്റിയിട്ടും കിട്ടാത്ത ആ ത്രെഡ് വേദനിച്ചിട്ടാണെങ്കിലും ഈ സംഭവത്തിലൂടെ എനിക്ക് ഈ പോസ്റ്റിനുള്ള കോപ്പായി കിട്ടിയില്ലേ..? "അതെ ബ്ലോഗ്‌, അതാണല്ലോ എല്ലാം".

12 comments:

  1. നല്ല ഐശ്വര്യപൂർണമായ തുടക്കം. പല പേരു കേട്ട് ബ്ലോഗർമാരും അവരുടെ ബ്ലോഗിംഗ് തുടങ്ങിയത് ഇതു പോലെയൊക്കെ തന്നെ ആണു എന്ന് കേട്ടിട്ടുണ്ട്. അതു കൊണ്ട് ജോലി പോണെങ്കിൽ പോട്ടെന്നെ. നമ്മുക്ക് ആ കലിപ്പ് ബ്ലോഗ് എഴുതി തീർക്കാം, അല്ല പിന്നെ..!!

    ReplyDelete
  2. ജോലി പോണെങ്കിൽ പോട്ടെ...ബ്ലോഗായല്ലോ

    ReplyDelete
  3. ഹാ.. ഹാ ... !!
    ആശംസകള്‍ സുഹൃത്തേ..!!
    എന്നാലും ബ്ലോഗിന് വേണ്ടി ഇത്രേം ത്യാഗമാനസ്ഥിതിയോ.. ?
    ബ്ലോഗ്ഗ് ദൈവങ്ങള്‍ താങ്കളെ അനുഗ്രഹിക്കട്ടെ.. !!

    ReplyDelete
  4. mone blog iniyum thudangam joli pokathe adhyam nokku....

    ReplyDelete
  5. ബ്ലോഗെഴുത്ത് വാസ്തവത്തില്‍ ജോലിയെ ബാധിക്കുന്നുണ്ട് എന്നത് കുറെയൊക്കെ ശരിയാണ്.

    ReplyDelete
  6. ജോലിക്കിടയിൽ ബ്ലോഗെഴുത്തില്ലങ്കിലും കമന്റെഴുത്തുണ്ട്. ജോലിയെ ബാധിച്ചാൽ വിവരമറിയും!

    ReplyDelete
  7. സംഭവം കാര്യമാനെങ്കിലും കളിയാനെങ്കിലും ഗള്‍ഫിലെ മിക്ക ബ്ലോഗ്ഗര്‍മാര്‍ക്കും (ഈ ഞാനടക്കം )
    ഒരു താക്കീതാണീ കഥ...
    ജോലിയും കൂലിയുമുണ്ടെങ്കിലേ ഇതൊക്കെ ഇങ്ങനെ നടക്കൂ..!

    എന്തായാലും എഴുത്ത് മനോഹരമായി...!

    ReplyDelete
  8. ഭായ്...ബ്ലോഗൊക്കെ പിന്നെയെഴുതാം..ആദ്യം ജോലി ചെയ്യ്...

    ReplyDelete
  9. അതെ,ബ്ലോഗ് എഴുതാൻ ഇപ്പോൾ ഒരു ത്രെഡ് കിട്ടി..ഇനിയും സൂക്ഷിച്ചില്ലെങ്കിൽ മൊത്തം ത്രെഡ് പോയികിട്ടും. മൊത്തം ലൂസാകുന്നത് സൂക്ഷിക്കണേ.. :)

    കൂലിയും വേലയുമില്ലെങ്കിൽ ഒരു അനോണിയും തിരിഞ്ഞു നോക്കില്ല !

    ReplyDelete
  10. "ഐവ..! ഡിഡ് യു ഫിനിഷ്" പെട്ടെന്നാണ് ആ ചോദ്യം കേട്ടത്.
    "നോ സാര്‍... ഐ അം സ്റ്റില്‍ തിങ്കിംഗ് & സെര്‍ച്ചിംഗ് ഓണ്‍ ഗൂഗിള്‍ ഫോര്‍ ന്യൂ ത്രെഡ് ഫോര്‍ മൈ ന്യൂ പോസ്റ്റ്‌"
    "വാട്ട്‌..ത്രെഡ്?... വാട്ട്‌ ദി ഹെല്‍ യു ടാല്‍കിംഗ് എബൌട്ട്‌"
    "ദിസ്‌ ഈസ്‌ ബ്ലോഗ്‌ സാര്‍... നോ സാര്‍... യെസ് സാര്‍... നതിംഗ് സാര്‍.., ഐ വില്‍ ഫിനിഷ് ഇറ്റ്‌ now"
    "ഡിഡ് യു ഫിനിഷ് മൈ വര്‍ക്ക്‌ ഓര്‍ നോട്ട്"
    "ഐ വില്‍ ഫിനിഷ് now"
    ബോസ്സ് പിന്നെയും അലറി: "ഹാവ് യു ഫിനിഷ്ഡ്‌ മൈ വര്‍ക്ക്‌ ഓര്‍ നോട്ട്"
    "നോ സാര്‍... ഐ വില്‍ ഫിനിഷ് തെം now"

    ചിരിച്ചു മാഷേ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.

    ReplyDelete
  11. @ b Studio
    @ haina
    @ ആന്‍ റോസ്‌
    @ Jishad Cronic
    @ Akbar
    @ അലി
    @ നൗഷാദ് അകമ്പാടം
    @ ഒരു യാത്രികന്‍
    @ റിയാസ് (മിഴിനീര്‍ത്തുള്ളി)
    @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌
    @ (കൊലുസ്)
    എല്ലാവര്‍ക്കും വളരെ നന്ദി, ഈ വരവിനും അഭിപ്രായങ്ങള്‍ക്കും.
    വീണ്ടും വരിക.

    ReplyDelete