Sunday, September 26, 2010

ഡോണ്ട് വറി, മെന്‍ ഹൂ നാ...!!

ഗള്‍ഫില്‍ എത്തിയതിനു ശേഷമാണ് ടൈംകീപ്പര്‍ എന്ന ഒരു കീപും കൂടി ഉണ്ടെന്നു ഞാന്‍ അറിഞ്ഞത്. ഗോള്‍ കീപ്പര്‍, വിക്കറ്റ് കീപ്പര്‍, സ്റ്റോര്‍ കീപ്പര്‍, ഹൗസ് കീപ്പര്‍ ഈ വക കീപ്പേഴ്സിനെയൊക്കെ നാട്ടില്‍ നിന്ന് കേട്ടിട്ടുണ്ട്. അറിഞ്ഞതും പോരാഞ്ഞ് ആദ്യമായി കിട്ടിയ പണിയും ഈ കീപിങ്ങാ!! പക്ഷെ ഞാന്‍ ഒരു കീപോ ചീപോ അല്ലാട്ടോ. തലവര അതന്നെ (ഹെഡ്-ലൈന്‍ എന്നും വിളിക്കാം). വയസ്സായി ചത്താലും ഇനി വല്ലവനും ഈ ഇളം പ്രായത്തില്‍ തല്ലിക്കൊന്നാലും ഞാനീ കീപിങ്ങിനെ മറക്കില്ല. അത്രക്ക് എനിക്ക് കടപ്പാടുണ്ട് ഈ കീപിങ്ങിനോട്.

ആദ്യമേ പറഞ്ഞല്ലോ എന്‍റെ ഗള്‍ഫിലെ ആദ്യത്തെ ഉദ്യോഗം ഒരു കീപിംഗ് ആണെന്ന്. ഇന്റെര്‍വ്യൂ കഴിഞ്ഞു. അവര്‍ എന്നോട് ചോദിച്ചതോ ഞാന്‍ പറഞ്ഞതോ രണ്ടാമതൊരിക്കല്‍ പറയാന്‍ പറഞ്ഞാല്‍ അമ്മേണേ സത്യം എനിക്ക് പറയാന്‍ ഒക്കില്ല. അത്രക്കാണ് എന്‍റെ ക്വാളിഫ്ലിക്കേസന്‍. ഈ പണിക്ക് എന്‍റെ അത്രയും തന്നെ വിവരവും വിദ്യാഭ്യാസവും വേണ്ട എന്ന് എനിക്ക് അപ്പോള്‍ മനസ്സിലായി. എന്നെക്കാളും വര്‍ഷങ്ങള്‍ക്കു മുമ്പേ ഗള്‍ഫിലെത്തി നല്ലപോലെ പച്ച പിടിച്ച എന്‍റെ സുഹൃത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് ഈ കീപിംഗ് പണി. അതുകൊണ്ട് തന്നെ കൂട്ടുകാരനെപ്പോലെ എനിക്കും പച്ച പിടിക്കാം എന്ന അതിമോഹം മനസ്സില്‍ കണ്ടുകൊണ്ടാണ് ഞാനാ‍ ജോലിയില്‍ കയറിയത്. നിയമനം കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ഫൈവ്സ്റ്റാര്‍ പോലത്തെ ഓഫീസില്‍ ആകുമെന്ന് ഞാന്‍ വെറുതെ വ്യാമോഹിച്ചു. ലിവിടെയല്ല ലവിടെ കമ്പനിയുടെ സൈറ്റ് ഓഫീസിലിരുന്ന് നീ പണിഞ്ഞാ മതിയെന്ന് അഡ്മിന്‍ ഓഫീസര്‍ സൂചിപ്പിച്ചു. സൈറ്റില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും വരവും പോക്കും പിന്നെ ഹാജര്‍ എന്നിവ കൃത്യമായി എടുത്ത് ഓഫീസിലേക്ക് മുടങ്ങാതെ അയക്കുക, അതാണ്‌ പണി. അത്രേ ഉള്ളൂ .....വെരി സിമ്പിള്‍. പേടിപ്പിക്കാന്‍ പറഞ്ഞതാണേലും "മുടങ്ങിയാല്‍ തല്ലിക്കൊല്ലും" എന്നും പറഞ്ഞു അയാള്‍. അപ്പോള്‍ കാര്യങ്ങള്‍ "നോട്ട് വെരി സിമ്പിള്‍" ആയിരിക്കില്ല എന്ന് എനിക്കൊരു തോന്നല്‍?!!

മനുഷ്യന്‍റെ മനസ്സ് മാറുന്നതിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും എടുത്തു കൊണ്ട് പോവാന്‍ പറ്റിയ കൊരുഗേറ്റട്‌ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഓഫീസ് (പോര്‍ട്ടകാബിന്‍) ജീവിതത്തില്‍ ആദ്യമായിട്ടാ ഞാന്‍ കാണുന്നത്. വലതുകാല്‍ വെച്ച് തന്നെ അതിലേക്കു കയറി ജോലി തുടങ്ങി. ഓഫീസിന്‍റെ ചൊര്‍ക്കും കുളൂസും എന്തിനാ നമ്മള്‍ നോക്കുന്നേ, നമുക്ക് പറഞ്ഞ ഡോളര്‍സ് മാസാവസാനം കിട്ടിയാ പോരെ? പത്തഞ്ഞൂര്‍ ആളുകള്‍ ജോലി ചെയ്യുന്ന വലിയ സൈറ്റാ. പകുതിയില്‍ കൂടുതല്‍ ആളുകളെ ലോക്കല്‍ മാന്‍പവര്‍ വഴി എടുത്തതാ. അതും ബംഗാളികള്‍!! ബംഗാളി അല്ലാത്ത ബംഗാളി ഭാഷ അറിയാത്തവര്‍ ഇവരുമായി സംസാരിക്കണേല്‍ ഹിന്ദി/ഉര്‍ദു ഭാഷ അറിയണം. എനിക്കാണേല്‍ നാട്ടില്‍ വെച്ച് ഹിന്ദി സിനിമ കാണുമ്പോഴുള്ള പരിചയമേ ഹിന്ദിയുമായി ഉള്ളൂ. കാര്യം രാഷ്ട്രഭാഷ ഒക്കെ തന്നെ, പക്ഷെ എന്‍റെ തലയില്‍ ഒട്ടും കയറാത്ത ഒരു സാധനമായിരുന്നു അത്. എന്നാലും ഇപ്പോള്‍ ഇറങ്ങുന്ന ഹിന്ദി സിനിമകളോട് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഹിന്ദിയിലോ ഉര്‍ദുവിലോ എന്തെങ്കിലും ഇപ്പോള്‍ പറയുന്നുണ്ടെങ്കില്‍ അത് ഈ സിനിമാ പേരുകള്‍ വായിച്ചുള്ള അറിവ് കൊണ്ട് മാത്രമാണ്. അറ്റ്‌ലീസ്റ്റ് ഒരു വാചകം കലിപ്പില്ലാതെ കിട്ടും ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക ഹിന്ദി സിനിമാ പേരുകളിലൂടെ.

നായ്‌കുട്ടികളോടും ബംഗാളികളോടും കളിക്കാന്‍ നില്‍ക്കരുത് എന്ന് റൂമില്‍ വെച്ചുള്ള സംസാരത്തിനിടയില്‍ ആരോ പറഞ്ഞത് ഈ ബംഗാളികളെ എല്ലാം ഒന്നിച്ചു പണിക്ക് വന്ന് കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ഓര്‍മ്മ വന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഇവരോട് സംസാരം കുറച്ച് ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചിരുന്നു. മാസങ്ങള്‍ ഓരോന്നോരോന്നായി കഴിഞ്ഞു. മാന്‍പവര്‍ സപ്ലെ ചെയ്ത ബംഗാളി ഏജണ്ടുമാര്‍ ഇടയ്ക്കിടയ്ക്ക് കമ്പനിയില്‍ നിന്ന് പെയ്മെന്‍റ് വൈകുന്നതിനെ പറ്റി എന്നെ ഓര്‍മിപ്പിക്കുമായിരുന്നു. മാനേജരുടെ അടുത്ത് പോയി കാര്യം പറയാന്‍ ഞാന്‍ അവരോട് പകുതി ആങ്ങ്യ ഭാഷയിലൂടെ പറഞ്ഞ് തിരിച്ചയക്കും. എന്നാല്‍ ലെബനാനിയായ മാനേജര്‍ പൈസ ചോദിച്ചു വരുന്ന ബംഗാളികളെ അയാളുടെ ഓഫീസിന്‍റെ നാലയലത്ത്‌ അടുപ്പിക്കില്ലായിരുന്നു:

: ശൂ.... ശൂ ബദേക്ക്?
: സാര്‍, ...അന ഫുലൂസ് മോഫി ഈജി തൊലാതൊ ശോഹ്ര്‍, ലാസീം ഫുലൂസ്.. മോഫി സോലറി ഉമ്മാല്‍. ഉമ്മാല്‍ കുല്ലും സൊഹലാന്‍, മുശ്കില കൊതീര്‍.
: ഫുലൂസ് ഹോന്‍ മാഫി! യാള്ളാ... റൂഹ് ഹുനേക് കല്ലിം മഅ തൈംകീപ്പര്‍. ഹുവ മസൂല്‍!! ...യാള്ളാ!!!

എന്തോ ബംഗാളികളോട് അയാള്‍ക്ക്‌ വലിയ ദേഷ്യമാ, പലര്‍ക്കും പൊതുവേ അങ്ങിനെയാന്നാ കേട്ടത്. ബംഗാളികളുടെ കയ്യിലിരിപ്പും മോശമല്ല അതും ഒരു കാരണമാണ്. മാനേജര്‍ ഇറക്കി വിട്ട ബംഗാളികള്‍ പിന്നെ എന്‍റെ അടുത്ത് വന്നു കാര്യം പറയും:

: ബോയ്‌സാബ്, ഹൊമോരാ പൊയ്സാ നൊഹി ആയാ!?
: ഡോണ്ട് വറി.
: കൊബ് ആയേഗാ ഹൊമോരാ പൊയ്സാ?
: ഡോണ്ട് വറി, ആപ് കോ പൈസാ ആയാ... ആയെ... ആയേഗാ... ആ...! ഡോണ്ട് വറി, "മെന്‍ ഹൂ നാ!!"

ഇത് കേട്ടാല്‍ പിന്നെ അവര്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ നില്‍ക്കാറില്ല. ചിരിച്ചു കൊണ്ട് ഒരു സലാം ചൊല്ലി കൈ കുലുക്കി അവര്‍ തിരിച്ചു പോവും. മാനേജെര്‍ക്ക് കഴിയാത്തതാ തനിക്കു കഴിഞ്ഞതെന്ന ഭാവത്തില്‍ അല്പം അഹങ്കാരത്തോട്‌ കൂടി തന്നെ ഞാന്‍ എന്‍റെ പണികളില്‍ മുഴുകും.

പിന്നെയും ഇടക്കിടക്ക് പെയ്മെന്‍റ് ചോദിച്ചു വരുന്ന ബംഗാളികളോട് ഞാന്‍ ഇത് തന്നെ കാച്ചി. "ഡോണ്ട് വറി, മെന്‍ ഹൂ നാ!!" പിന്നെ കൂട്ടത്തില്‍ എല്ലാം മാനേജ് ചെയ്യാന്‍ എനിക്ക് പറ്റും എന്ന അര്‍ത്ഥത്തില്‍ ഇതും പറഞ്ഞു "ഹം കിസിസേ കം നഹീ".

സൈറ്റിലെ പണികള്‍ കുറഞ്ഞു. മാന്‍പവര്‍ കുറച്ചു തുടങ്ങി. സൈറ്റില്‍ ബാക്കി കമ്പനിയുടെ സ്പോന്‍സര്‍ഷിപ്പില്‍ ഉള്ളവര്‍ മാത്രമായി. അപ്പോഴേക്കും മാന്‍പവര്‍ സപ്ലെയെഴ്സിനു കമ്പനി കൊടുക്കാന്‍ ആറു മാസത്തെ കുടിശിക ബാക്കിയായി.

സപ്ലെ നിര്‍ത്തിയതറിഞ്ഞ ബംഗാളികള്‍ ഹാലിളകി പിന്നെ വിളിയോട് വിളി. ചിലര്‍ ഓഫീസില്‍ വന്നു ഫോളോഅപ്പ്‌ ചെയ്തു. അപ്പോഴൊന്നും മാനേജര്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ല, പിന്നെ സങ്കടം പറച്ചിലും ഭീഷണിപ്പെടുത്തലും എന്‍റെ നേരെയായി. അവരോട് "മെന്‍ ഹൂ നാ" പറഞ്ഞ് ആശ്വാസവും സപ്ലെ തുടരാനുള്ള ധൈര്യവും കൊടുത്തത് ഞാനാണല്ലോ? അപ്പോള്‍ പൈസ കൊടുക്കേണ്ട ബാധ്യതയും എന്‍റെതാനെന്നാണ് അവര്‍ കരുതി വെച്ചിരിക്കുന്നത്. കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ കള്ളനാക്കുക എന്ന അതേ തത്വം. ആരായാലെന്താ അവര്‍ക്ക് അവരുടെ വിയര്‍പ്പിന്‍റെ (സ്വെറ്റ് വേജ്) കൂലി കിട്ടണം. ആദ്യം ഓരോരുത്തരായി വന്നവര്‍ പിന്നെ കൂട്ടത്തോടെയാണ് പൈസ ചോദിക്കാന്‍ വന്നത്. ബംഗാളികള്‍ അങ്ങിനെയാണ്. ഒത്തൊരുമ എന്നത് ബംഗാളികളെ കണ്ടു പഠിക്കണം. കൂട്ടത്തില്‍ ഒരുത്തന് പ്രശ്നം വന്നാന്‍ തേനീച്ച കൂടിളകിയപോലെ കൂട്ടമായി പ്രശ്നപരിഹാരത്തിന് വരും.

ആളുകളെ ഇതുപോലെ പണിക്കെടുത്ത് പൈസ കൊടുക്കാതെ കഷ്ടപ്പെടുത്തുന്നത്‌ കമ്പനിയുടെ സ്ഥിരം പോളിസിയാണെന്ന് മനസ്സിലാക്കാന്‍ ഞാനല്‍പം വൈകിപ്പോയി. പുതിയ ആളായത് കൊണ്ട് കമ്പനിയുടെ സെറ്റപ്പും കപ്പാക്കിറ്റിയും മറ്റും അറിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളൂ. അറിയാവുന്ന ഹിന്ദി കുറച്ചു സിനിമകളുടെ പേരാ. തന്‍റെ അവസ്ഥ ഇവരെ ഏതു ഭാഷയില്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇവര്‍ക്ക് എന്നെപ്പോലെ മലയാളം അറിയില്ലല്ലോ? ഇനിയവര്‍ വരുമ്പോള്‍ തലയൂരി രക്ഷപ്പെടാന്‍ ഏതു സിനിമയുടെ പേരാണ് ഉപയോഗിക്കേണ്ടത് എന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നാണ് ഒരു ബഹളം കേട്ടത്.

നാക്കെടുത്താല്‍ 'ബോയ്‌സാബ്' എന്ന് മാത്രം വിളിച്ചവര്‍ 'തും, ചൂട്ട്' എന്നലറിക്കൊണ്ട് എന്‍റെ മുറിയിലേക്ക് വരുന്നു!! പിന്നാലെ ഒരു ജാഥക്കുള്ള ആളുകളും ഉണ്ട്!!!

എന്‍റെ കഥ ഇപ്പോള്‍ കഴിയുമെന്ന് ഞാനുറപ്പിച്ചു, പോയി, എല്ലാ പ്രതീക്ഷകളും പോയി .........ഈ മരുഭൂമിയില്‍ കിടന്ന് ബംഗാളികളുടെ അടി കൊണ്ട് മരിക്കാനാണ് എന്‍റെ വിധി. അതും തന്‍റെതല്ലാത്ത കുറ്റത്തിന്.

: തും ഭോലാ ധാന: ഡോണ്ട് വറി...."മെന്‍ ഹൂ നാ", ഹൊമ്കോ ഹോമാരാ പൊയ്സാ ചാഹിയെ! ഛെ മോഹീനെകാ പൊയ്സാ!! അഭി ചോഹിയെ!!!
: ആം സോറി, മേം...ആപ്... മുജ്ഹെ ഹിന്ദി കുച്ച് കുച്ച് ആതാ ഹെ..., ബിലീവ് മി!!
: തും പൊയ്സാ ദോ... (അവര്‍ ആക്രോശിക്കുകയാണ്)

പിന്നീട് പച്ച തെറിയാണ് കേട്ടത്. #*!%!*@*&*. ചിലര്‍ ഷര്‍ട്ടില്‍ പിടിച്ചു കുലുക്കാന്‍ തുടങ്ങി. ചിലര്‍ ഉന്താന്‍ തുടങ്ങി. എന്‍റെ അവസാന സമയമടുത്തു എന്ന് ഞാനുറപ്പിച്ചു. ശഹാദത് കലിമ മനസ്സിലുറപ്പിച്ചു നാക്ക് കൊണ്ട് വെളിവാക്കാന്‍ പറ്റിയില്ല. വൈകുന്നേരത്തെ ഹാജര്‍ എടുക്കാനായി എടുത്തു വെച്ച ലിസ്റ്റ് അതിലൊരുത്തന്‍ കയ്യിലെടുത്തു ദേഷ്യത്തോടെ ചുരുട്ടി ദൂരെയെറിഞ്ഞു.

ഈ ആള്‍ക്കൂട്ടവും ബഹളവും കണ്ട് അപകടം മണത്ത മാനേജര്‍ അടുത്ത വാതിലിലൂടെ പുറത്തേക്ക് ഓടി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു കഴിയുന്നത്ര വേഗത്തില്‍ ഓടിച്ചു പോയി. ഇടക്ക് ഒന്ന് രണ്ടു തവണ പിറകോട്ടു നോക്കുന്നതും കണ്ടു. "നായിന്‍റെ മോന്‍" ഇവനൊക്കെ വേണ്ടിയാണോ ഞാനിത്രയും കഷ്ട്ടപ്പെട്ടത്‌!! കൂട്ടത്തില്‍ ഒരുത്തന്‍ പണി വാങ്ങിക്കുമ്പോള്‍ സ്വന്തം കാര്യം നോക്കി പേടിച്ചോടുന്ന തെണ്ടി. ഇവനെയൊക്കെ സാറേ എന്ന് വിളിച്ച എന്നെത്തന്നെ ഞാന്‍ ശപിച്ചു. ഇതുവരെ കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം മനസ്സില്‍ അടക്കം ചെയ്ത് മുന്നില്‍ നില്‍ക്കുന്ന ബംഗാളികളുടെ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറായി നിന്നു.

അതിനിടയില്‍ എവിടെ നിന്നോ ഒരു കരം എന്‍റെ നേരെ നീണ്ടു വരുന്നത് ഞാന്‍ കണ്ടു! അതില്‍ പിടിച്ചതെ എനിക്കോര്‍മ്മയുള്ളൂ!! ഓര്‍മ്മ വന്ന് നോക്കിയപ്പോള്‍ ഞാന്‍ റൂമില്‍ എന്‍റെ ബെഡില്‍ കിടക്കുന്നു!! ബംഗാളികള്‍ എവിടെ ഞാന്‍ നാല് പാടും നോക്കി. ആരും ഇല്ല!!! മുന്നില്‍ കൂടെ സൈറ്റില്‍ ജോലി ചെയ്യുന്ന സുല്‍ത്താന്‍ മാത്രം.

ബഹളം കേട്ട് സൈറ്റില്‍ നിന്നു ഓടി വന്ന സുല്‍ത്താന്‍ എന്ന ഈ ഹിന്ദിക്കാരനാണ് എന്നെപ്പിടിച്ചു വലിച്ച് ആ ബംഗാളികൂട്ടത്തില്‍ നിന്നു രക്ഷിച്ചത്‌ എന്ന് ഞാനറിഞ്ഞു. അവനോട് ഈ ചെയ്ത വലിയ ഉപകാരത്തിനു നന്ദി പറയാനായി ഞാന്‍ മുതിര്‍ന്നു "സുല്‍ത്താന്‍ജീ ആപ് ......" നന്ദി പറഞ്ഞ് തുടങ്ങിയത് ഞാന്‍ മുഴുവനാക്കിയില്ല!? "....ഇല്ല കൊന്നാലും ഇനി ഞാന്‍ ഹിന്ദി പറയില്ല".

5 comments:

  1. ഹ ഹ ഹ മെന്‍ ഹൂ നാ..
    ഐവാ.....പോസ്റ്റ് കലക്കി. എഴുത്ത് ഒരു പാട് മെച്ചപ്പെട്ടു. നല്ല വിഷയം. ഏറെക്കുറെ ഇതില്‍ സത്യങ്ങള്‍ ഉണ്ട്. മാന്‍പവര്‍കാരെ കമ്പനികള്‍ കളിപ്പിക്കും. തൊഴിലാളികളെ മാന്‍പവര്കാരും. ഒരു തരാം ടോം & ജെറി പ്ലേ. സ്ഥിരം നടക്കുന്ന ഈ സംഭവത്തെ താങ്കള്‍ നല്ല നര്‍മ്മത്തില്‍ അവതരിപ്പിച്ചു. ഇനി കൊന്നാലും ഹിന്ദി പറഞ്ഞു ബംഗാളികള്‍ക്ക് ജാമ്യം നില്‍ക്കരുത് കേട്ടോ.
    നല്ല പോസ്റ്റ്

    ReplyDelete
  2. ഹഹ ഹാ
    അതു കലക്കി...
    ഡോണ്ട് വറി.മെന്‍ ഹൂ നാ

    ReplyDelete
  3. നന്നായിട്ടുണ്ട് ഈ കീപ്പിംഗ്.

    ReplyDelete
  4. ഇവിടെ വന്ന് ഇത് വായിക്കുകയും അഭിപ്പ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി നമസ്കാരം. വീണ്ടും വരിക :)

    ReplyDelete